പ്രണയത്തിന്റെ സദാചാരം
#പ്രണയത്തിന്റെസദാചാരം
ജീവിതമങ്ങനെ അലസ സുന്ദരമായി
ഒഴുകി കൊണ്ടിരിക്കുന്നതിനിടയിൽ അമ്മക്കൊരു മോഹം, ഒരു മരുമോൾ വേണമെന്ന്.
"നീ ആരേലും കണ്ടു വെച്ചിട്ടുണ്ടോടാ സുധി? "
നല്ല പുട്ടും കടലയും തട്ടി കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ചങ്കിൽ പിടിക്കുന്ന പോലെ അമ്മയുടെ ചോദ്യം.
"അമ്മേ... "
ദയനീയമായി ഞാനമ്മയെ നോക്കി.
കണ്ടു വെച്ചിട്ടുണ്ടോ എന്നതിന് അമ്മ ഉദ്ദേശിച്ചത് പ്രേമിക്കുന്നുണ്ടോ എന്നാണ്.
പ്രേമം കോപ്പ് !
അച്ഛൻ പെട്ടന്ന് ഭൂമിയിലെ വാസം അവസാനിപ്പിച്ചു പോയപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ.
അച്ഛന്റെ കടങ്ങൾ, പെങ്ങന്മാരുടെ പഠിത്തം ,
മഴ പെയ്താൽ നല്ല അന്തസ്സായി നനയുന്ന ജീവിതം, അതിനേക്കാൾ പ്രധാന പ്രശ്നം വിശപ്പ് തന്നെ. അവിടെ അവസാനിച്ചു എന്റെ വിദ്യാഭ്യാസം.
പിന്നെ, അങ്ങോട്ട് ബാധ്യതകൾ തീർക്കാനുള്ള അഭ്യാസങ്ങളായിരുന്നു .
സഹോദരിമാരുടെ വിദ്യാഭ്യാസവും വിവാഹവും ഭംഗിയായി തന്നെ നടത്തി.
സ്വന്തമായി ഒരു ലോറി വാങ്ങി.
അച്ഛന്റെ പേര് തന്നെ ലോറിക്കും വെച്ചു. വേലായുധൻ !
അതിനിടയിൽ ആരോർക്കുന്നു പ്രേമമൊക്കെ. ജീവിതത്തോട് പടവെട്ടുന്ന പ്രാരാബ്ദക്കാർക്ക് പ്രണയമൊക്കെ ഒരു അധിക വികാരമാണ്.
...............
എന്റെ വേലായുധൻ വരുന്നത് കണ്ടിട്ടാവണം റോഡിന്റെ അരികിലേക്ക് തോണി തുഴയും പോലെ കാലുകൾ കൊണ്ട് തുഴഞ്ഞു
ഡെയ്‌സി വണ്ടിയൊതുക്കി.
വെറുതെ തല ചെരിച്ചു ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു വൈദ്യുതി
ശരീരത്തിലൂടെ പാഞ്ഞു പോയി.
കുറ്റബോധത്തോടെ നോട്ടം മാറ്റിയപ്പോൾ കണ്ടു, അവളെന്നെ നോക്കി പുഞ്ചിരിക്കുന്നു.
എത്രയോ തവണ അവളെ ഇതിന് മുൻപും കണ്ടിരിക്കുന്നു...
അപ്പോഴൊന്നുമില്ലാത്ത ഒരു പിടച്ചില്‍,
ഇപ്പോ എന്താണാവോ എന്റെ മനസ്സിന്?
രണ്ടു മക്കളുടെ അമ്മയാണ് ഡെയ്‌സി. പക്ഷെ, കണ്ടാൽ പ്രായം തോന്നില്ല.
മാത്രമല്ല, വയസ്സ് കൊണ്ട് എന്നേക്കാൾ ചെറുപ്പമായിരിക്കും.
അല്ലെങ്കിലും പ്രണയത്തിന് കണ്ണും കാതും ബോധവുമില്ല എന്നല്ലേ?
അതിന് ശേഷം, അവളെ കുറിച്ചായി
സദാ സമയവും ചിന്തകൾ .
ഇടക്കൊക്കെ റോഡിൽ വെച്ചോ
അവളു പഠിപ്പിക്കുന്ന സ്കൂളിന് മുന്നിൽ വെച്ചോ കാണാറുണ്ട്.
അപ്പോഴൊക്കെയും എന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കും.
കാണുമ്പോൾ അവളെന്തെങ്കിലും ചോദിക്കും. അപ്പോഴേക്കും തൊണ്ട വരണ്ട് രക്തം വാർന്ന പോലെ ഞാനങ്ങനെ നിൽക്കും.
സുധീ, അരുതെന്ന് പലവട്ടം ശാസിച്ചിട്ടും മനസ്സിന് ഒരു കുലുക്കവുമില്ല.
അതിന്, ഞാനെന്ത് ചെയ്‌തെന്ന് മനസ്സ് തിരിച്ചു ചോദിക്കുന്നു,
എല്ലാ കാര്യങ്ങളിലും ശരിയും തെറ്റും
ചികയുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ഞാനോർക്കും.
മറ്റൊരാളുടെ ഭാര്യയെ പ്രേമിക്കാൻ മാത്രം തെമ്മാടിയായോ ഞാൻ ?
ഈ മുപ്പത് വയസ്സിനിടക്ക് ഇത് വരെ ഇല്ലാത്ത ഒരു അനുഭവമാണ് അവളെ കാണുമ്പോൾ തോന്നുന്നത്.
ഞാനവളുടെ ശരീരമാണ് മോഹിച്ചതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.
പക്ഷെ, മനോഹരമായി കൊത്തിയെടുത്ത
ശില പോലെയുള്ള അവളുടെ അംഗലാവണ്യമോ,
ചെറിപ്പഴം പോലുള്ള അവളുടെ ചുണ്ടുകളോ എന്നെ അസ്വസ്ഥനാക്കുന്നില്ല.
പക്ഷെ, മറ്റെന്തോ അവളിലേക്ക് എന്നെ
പിടിച്ചു വലിക്കുന്നൊരു ശക്തി,
എന്തോ ഒരു പ്രത്യേകത അവൾക്കുണ്ട്. ഇല്ലെങ്കിൽ, എന്റെ മനസ്സിലിങ്ങനെ ഓളമുണ്ടാക്കാൻ അവൾക്ക് കഴിയുമായിരുന്നോ ?
എനിക്കുറപ്പുണ്ട്. എനിക്കവളോട്
തോന്നുന്ന പോലൊരു ഇഷ്ടം അവൾക്ക് എന്നോടുമുണ്ടെന്ന്.
അത് ഞാനാ കണ്ണുകളിൽ കണ്ടിട്ടുണ്ട്.
ഇരുണ്ട ആകാശത്തിലെ ഒറ്റനക്ഷത്രം പോലെയുള്ള അവളുടെ മിഴികൾ , ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കുന്ന
കാന്തിക ശക്തിയുള്ള നക്ഷത്ര കുഞ്ഞുങ്ങളാണ് ഡെയ്സിയുടെ കണ്ണുകൾ!
ഞാനൊരു കവി ആയിരുന്നെങ്കിൽ, അവളെക്കുറിച്ചൊരു കവിത പിറന്നേനെ.
ഒരു ചിത്രകാരൻ ആയിരുന്നെങ്കിൽ ഡെയ്സി ഒരു മനോഹര ചിത്രമായേനെ ഇതിനോടകം...
" ഇന്നെന്താ നടന്നാണോ യാത്ര?
വഞ്ചി എടുത്തില്ലേ? "
ഡെയ്സിയെ കണ്ടതും വേലായുധൻ വെറുതെ നിന്ന് പോകുന്നു. ഇപ്പോൾ, ഒന്നും എന്റെ നിയന്ത്രണത്തിലല്ല.
"ഓഹ്! ഇല്ല. ഇന്ന് നടക്കാമെന്ന് വെച്ചു. "
"എന്താ സുധി, കല്യാണം ഒന്നും നോക്കുന്നില്ലേ? "
" പ്രായമാവട്ടെ..."
അത് കേട്ട് അവളൊരു ചെറു ചിരിയോടെ നിന്നു.
ഉള്ളിലൊരു കനൽ വീണ പോലെ അവളുടെ ആ ചോദ്യം.
ഈയിടെ , എല്ലാവർക്കും
"പെണ്ണ് കെട്ടറായില്ലേ സുധി? "
എന്നാണ് ആദ്യത്തെ ചോദ്യം.
ഞാൻ പെണ്ണ് കെട്ടാഞ്ഞിട്ട് എന്നേക്കാൾ ബുദ്ധിമുട്ടാണ് നാട്ടുകാർക്ക്.
എനിക്കാണെങ്കിൽ വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഡെയ്‌സിയാണ് മനസ്സിൽ വന്നു നിറയുന്നത്.
അങ്ങനെ ഇരിക്കെ, സ്കൂളിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ടു ഞങ്ങൾക്ക് കൂടുതൽ സംസാരിക്കാൻ ഉള്ള അവസരമുണ്ടായി.
എത്ര പിടിച്ചു നിർത്തിയിട്ടും എന്നെ മധുരമായി നോവിച്ചു കൊണ്ടു അവളോടുള്ള പ്രണയം നിയന്ത്രണാതീതമായി ഒഴുകി കൊണ്ടിരുന്നു.
പക്ഷേ, ഞാനത് പറഞ്ഞില്ല.
എങ്കിലും അവൾക്കത് മനസ്സിലായിരിക്കും. മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നാണല്ലോ പറഞ്ഞു വെച്ചിട്ടുള്ളത്.
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എന്റെ ഹൃദയം എത്ര തവണ നിന്നോട് വിളിച്ചു പറഞ്ഞിരിക്കുന്നു. എന്റെ കണ്ണുകൾ നിന്റെ കണ്ണുകൾക്ക് അതെത്ര തവണ സന്ദേശം കൊടുത്തതാണ് ഡെയ്‌സി ?
ഞാനെന്റെ കൈ നെഞ്ചിൽ വെച്ചു എന്നോട് തന്നെ പിറുപിറുത്തു.
പക്ഷെ, നേരിട്ട് പറയുന്നതിൽ എനിക്ക് വിലക്കുകളുണ്ട്.
മറ്റൊരാളുടെ ഭാര്യയെ മോഹിച്ച എന്നെയവർ ഏത് വിധത്തിലാണ് മുദ്ര കുത്തുക?
എന്നാലത് വിഷയമല്ല.
അതിനേക്കാൾ കൂടുതൽ എന്നിലുള്ള ചിന്ത മറ്റൊന്നാണ്,
തുറന്നു പറഞ്ഞാൽ ഇല്ലാതെയാവുന്ന ഞങ്ങളുടെ സൗഹൃദം !
വൈകിട്ട് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ
അമ്മ ഉമ്മറത്തു ചൂലുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ ഷർട്ട് അഴിച്ചു കയ്യിൽ തൂക്കി അമ്മയുടെ കാലിനടുത്തായി ഇരുന്നു.
" മോന് ചായ എടുക്കാം.
അമ്മ നല്ല മധുരക്കിഴങ്ങു
വേവിച്ചു വെച്ചിട്ടുണ്ട്. "
അമ്മ ഈർക്കിലി കെട്ട് നിലത്തിട്ട് എണീക്കാൻ ഒരുങ്ങി.
"അമ്മേ ഇവിടിരി. "
ഞാൻ അമ്മയെ പിടിച്ചു അവിടെ തന്നെ ഇരുത്തി അമ്മയുടെ മടിയിൽ തല വെച്ചു കണ്ണടച്ചു കിടന്നു.
അമ്മയുടെ കൈകൾ എന്റെ മുടിഴിയകൾ തലോടി കൊണ്ടിരുന്നു.
" അമ്മ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കോ സുധീ? "
"എന്താമ്മേ? "
കണ്ണുകൾ തുറക്കാതെ തന്നെ ഞാൻ അമ്മയോട് ചോദിച്ചു.
"നമ്മുടെ ശ്രുതിയുടെ ഒരു കൂട്ടുകാരിയില്ലേ അങ്കിത?
അമ്മക്ക് ആ കുട്ടിയെ നല്ല ഇഷ്ടായി. നിങ്ങളുടെ ജാതകവും അമ്മ നോക്കിച്ചു. അവർക്ക് സമ്മതക്കുറവൊന്നും കാണില്ല, നമുക്ക് അവിടം വരെ ഒന്ന് പോയാലോ
ഒരു ദിവസം? "
എന്റെ നെഞ്ചിന് നടുക്കായി ഒരു വെട്ട് കൊണ്ട പോലെ, ഞാനൊന്ന് പുളഞ്ഞു.
"എന്തിന്? അവർക്ക് നമ്മളെയും നമുക്ക് അവരെയും നല്ലപോലെ അറിയാം.
നിർബന്ധം ആണെങ്കിൽ ശ്രുതിയെ കൂട്ടിട്ട്
അമ്മ പോയി വേണ്ട പോലെ ചെയ്തോളു. എനിക്ക് എന്റെ അമ്മേടെ ഇഷ്ടമാണ് വലുത്."
നിറഞ്ഞു വന്ന കണ്ണുകൾ അമ്മ കാണാതിരിക്കാൻ ഞാൻ ചരിഞ്ഞു കിടന്നു.
എല്ലാം എന്നിൽ തന്നെ അവസാനിക്കട്ടെ. ഓർത്തോർത്തു വേദനിക്കാൻ എനിക്കും വേണ്ടേ എന്തെങ്കിലുമൊന്ന്?
എന്റെ സമ്മതം കിട്ടിയതും അമ്മയും പെങ്ങമ്മാരും വലിയ ഉത്സാഹത്തിലായി. കാര്യങ്ങളെല്ലാം എടുപിടി എന്നവണ്ണം നടത്തിക്കൊണ്ടിരുന്നു,
വറചട്ടിയിൽ വീണ പോലെ പാതി മനസ്സോടെ ഞാനും...
പിന്നെയും ഞാനവളെ കണ്ടു ഡെയ്സിയെ.
" സുധി എന്തൊക്കെ വിശേഷം? "
അവൾ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു.
"എന്റെ വിവാഹം ഉടനുണ്ടാകും ടീച്ചറെ.
ഞാൻ ക്ഷണിക്കാം , തീർച്ചയായും വരണം. "
ഞാനത് പറഞ്ഞത് അവളുടെ മുഖത്തു നോക്കാതെയാണ് .
അവൾ കൂടുതൽ എന്തങ്കിലും ചോദിക്കും മുൻപേ ആ നക്ഷത്രക്കണ്ണുകളിൽ നിന്നും ഞാനിറങ്ങി നടന്നു.
"സ്വന്തമാക്കിയ പ്രണയങ്ങളൊക്കെയും
അറുത്തെടുത്ത പൂക്കൾ പോലെയാണ്.
എത്ര സൂക്ഷിച്ചു വെച്ചാലും വാടി പോകുന്നവ." ഒരു പഴയ ഗസലിന്റെ വരികൾ അന്നേരം
എന്റെ മനസ്സിൽ വന്നു നിറഞ്ഞു
അതിനാൽ ഞാനെന്റെ പ്രണയം എന്റെ ഉള്ളിൽ അടക്കം ചെയ്യട്ടെ.
എന്റെ മാത്രം നോവായി എന്നോടൊപ്പം മണ്ണിൽ അലിയുന്ന രഹസ്യമായി എന്റെ ഡെയ്സി...
Comments
Post a Comment